2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഖുര്‍ആന്‍ നിങ്ങളുടെ മാര്‍ഗദര്‍ശി.

വിശുദ്ധറമാളാന്‍ വിടപറയുകയാണ്. ഈ മാസത്തന്റെ പ്രത്യേകതക്ക് കാരണം, ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് ദൈവം മാര്‍ഗദര്‍ശകമായി നല്‍കിയ ഖുര്‍ആന്‍റെ അവതരണം സംഭവിച്ചത് ഈ മാസത്തിലാണ് എന്നതാണ്. ഇരുപത്തി മൂന്ന് വര്‍ഷത്തിനിടയില്‍ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അപ്പപ്പോഴായി ഇറങ്ങിയ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ . ഈ കാലയളവില്‍ മുഹമ്മദ് നബി കടന്നുപോയ അതിദുസ്സഹമായ കാലഘടത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. ഇത് മുഹമ്മദ് നബിയുടെ രചനയല്ലെന്ന്. ഇരുപത്തിമൂന്ന കൊല്ലത്തിനിടയിലാണ് അവതരണം പൂര്‍ത്തിയായതെങ്കിലും അതിന്റെ ഒരു അടയാളം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല. ആദ്യവസാനം നിലനില്‍ക്കുന്ന വൈകാരികമായ സന്തുലിതത്വവും എത് തലത്തിലുള്ള മനുഷ്യനും മനസ്സിലാക്കാന്‍ കഴിയുന്ന അതിന്റെ ഘടനയും ഖുര്‍ആന്‍ മനുഷ്യമനസ്സ് അറിയുന്ന ദൈവത്തിന്റെ വചനമാണ് എന്നതിന് ഏറ്റവും ശക്തമായ തെളിവാണ്.

മുസ്ലിംകളുടെ ഒരു വേദഗ്രന്ഥം എന്നതാണ് വലിയ ഒരു വിഭാഗം ജനങ്ങളുടെയും ഇപ്പോഴത്തേയും ധാരണ. പക്ഷെ അതിന്റെ ഒന്നാമത്തെ പ്രത്യേകത അത് മനുഷ്യസമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനുള്ള ഗ്രന്ഥമാണ് എന്നതാണ്. അതിനെ മാര്‍ഗദര്‍ശനമായി ഉള്‍കൊണ്ടവര്‍ക്ക്, അത് കൂടുതല്‍ പ്രയോജനപ്പെടുന്നുവെന്നത് മാത്രമാണ് സത്യം.

ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തമായ ധാരണ നല്‍കുന്ന സൂക്തങ്ങളാണ് അധ്യായം (17) അല്‍ ഇസ്റാഇലെ 9 മുതല്‍ തുടങ്ങുന്ന ഏതാനും സൂക്തങ്ങള്‍ . അതില്‍ ഖുര്‍ആനും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നും, ഖുര്‍ആന്‍ അനുസരിച്ച് മനുഷ്യജീവിതത്തിന്റെ ഒരു നല്ല നിര്‍വചനവും അടങ്ങിയിരിക്കുന്നു. പ്രസ്തുത സൂക്തങ്ങള്‍ വായിക്കുക. ചിന്തിക്കുക.

(9-10) യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍ , ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

(11) നന്മയെ തേടേണ്ടതുപോലെ മനുഷ്യന്‍ തിന്മയെത്തേടുന്നു. അവന്‍ വലിയ ധൃതിക്കാരനാകുന്നു.

(12) നോക്കുക, നാം രാവിനെയും പകലിനെയും രണ്ടു ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ പ്രകാശരഹിതമാക്കി. പകലെന്ന ദൃഷ്ടാന്തത്തെ പ്രകാശമാനവുമാക്കി. അതു നിങ്ങള്‍ക്ക് നാഥന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കാനും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കണക്കറിയാനും സാധിക്കേണ്ടതിനത്രെ. ഇവ്വിധം, സകല സംഗതികളെയും നാം വെവ്വേറെ വേര്‍തിരിച്ചുവെച്ചിരിക്കുന്നു.

 
(13-14) ഓരോ മനുഷ്യന്റെയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ ബന്ധിച്ചിട്ടുണ്ട്. പുനരുത്ഥാനനാളില്‍ നാം അവനുവേണ്ടി ഒരു രേഖ പുറപ്പെടുവിക്കും. അത് ഒരു തുറന്ന പുസ്തകം പോലെ അവന്‍ കാണും-വായിക്കുക! നിന്റെയീ കര്‍മരേഖ. ഇന്നു നിന്റെ കണക്കുനോക്കുന്നതിന് നീ തന്നെ മതി.

(15) വല്ലവനും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് സ്വന്തം ഗുണത്തിന് വേണ്ടിയാകുന്നു. ദുര്‍മാര്‍ഗം ആചരിക്കുന്നുവെങ്കില്‍ അതിന്റെ ദോഷവും അവനു തന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ മറ്റൊരുവന്റെ ഭാരം വഹിക്കുകയില്ല. (സത്യവും മിഥ്യയും വിവേചിച്ചറിയുന്നതിനുവേണ്ടി) ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം (ജനങ്ങളെ) ശിക്ഷിക്കാറുമില്ല.


ഈ ഭൂമിയില്‍ ദൈവത്തിന്റെ നടപടിക്രമം എന്താണെന്ന് ഈ സൂക്തങ്ങള്‍ കൃത്യമായി വിവരിക്കുന്നു. മനുഷ്യന് വേണ്ട ഏറ്റവും ചൊവായ പാതയിലൂടെയാണ് ഈ ഖുര്‍ആന്‍ വഴിനടത്തുന്നത്. ആ മാര്‍ഗം പിന്‍പറ്റുന്നതിനും തള്ളിക്കളയുന്നതിനും ഒരേ ഫലമല്ല ദൈവം വാഗ്ദാനം ചെയ്യുന്നത്. പിന്‍പറ്റിയാല്‍ സ്വര്‍ഗം. തള്ളിക്കളയുന്നവര്‍ക്ക് പരലോകത്ത് നരകം. എന്നാല്‍ ഇതിനെ നിഷേധികള്‍ പരിഹസിച്ചു. അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ശിക്ഷ എത്രയും പെട്ടെന്ന് കൊണ്ടുവരാന്‍ അവര്‍ വെല്ലുവിളിച്ചു. അതിലുള്ള ഖുര്‍ആന്‍റെ പ്രതിരകണമാണ് പതിനൊന്നാം സൂക്തം.

മനുഷ്യന്‍ സന്‍മാര്‍ഗം സ്വീകരിക്കണമെന്നത് ദൈവത്തിന്റെ ആവശ്യമല്ല അത് മനുഷ്യന്റെ മാത്രം ആവശ്യമാണ്. ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കേണ്ടതില്ല. അതേ പ്രകാരം ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ മാര്‍ഗഭ്രംശത്തില്‍ അകപ്പെട്ടതിന് ദൈവം ശിക്ഷിക്കാറുമില്ല.

ചിന്തിക്കുക. ഖുര്‍ആനെക്കുറിച്ച് ഇങ്ങനെ തന്നെയാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് .. ?.

2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

ഒരാഴ്ചക്കകം 100,000 പേര്‍ ശ്രവിച്ച മലയാള പ്രസംഗം.

ഏതാനും ദിവസം മുമ്പ് യൂറ്റൂബില്‍ ആരോ ഒരാള്‍ ഒരു പ്രസംഗം അപ്ലോഡ് ചെയ്തു. പക്ഷെ തുടക്കത്തിലേ ഒരു കല്ലുകടി. കാരണം അതിലെ തലക്കെട്ടും പ്രസംഗവും യോജിക്കുന്നില്ല.  DGP Jacob ponnoose ന്റെ പ്രസംഗമായിട്ടാണ് ആദ്യം നല്‍കിയതെങ്കിലും മതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ Dr.Alexander Jacob IPS ന്റേതാണ് പ്രസ്തുത പ്രസംഗം എന്ന അറിവ് ഇസ്ലാം വിശ്വാസികളെ സംബന്ധിച്ച് കൂടുതല്‍ സന്തോഷം നല്‍കുന്നതായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട പ്രസ്തുത വിഡിയോ നല്‍കിയ ആളുതന്നെ ഡിലീറ്റ് ചെയ്തതായി കാണുന്നു. പ്രസംഗത്തില്‍ അദ്ദേഹത്തിന് ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് സ്വാഭാവികം മാത്രമായി കരുതുന്നു. അതില്‍ പലരും ചൂണ്ടിക്കാണിച്ചത്. റമളാന്‍ വ്രതം ഒരേ സമയത്ത് വരുന്നുവെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ്. അത് ശരിയല്ല. ലോകത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്ഥ അനുഭവം നല്‍കുമാറ്‍ കാലാവസ്ഥ മാറിവരത്തക്കവിധം ലഭിക്കുവാന്‍ ചാന്ദ്ര കലണ്ടര്‍ അനുസരിച്ചാണ് ഇസ്ലാമിലെ ആരാധനകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അത് ഏറെ ശാസ്ത്രീയവും ഇസ്ലാമിന്റെ സാര്‍വലൌകികതക്കുള്ള ശക്തമായ തെളിവുമാണ്.

ചില പരാമര്‍ശങ്ങള്‍ മുസ്ലിംകള്‍ യോജിക്കാന്‍ കഴിയില്ലെങ്കിലും മുസ്ലിമല്ലാത്ത ഒരു വ്യക്തിക്ക് അപ്രകാരം മാത്രമേ പറയാന്‍ കഴിയൂ. ഖുര്‍ആന്‍റെ അവതരണത്തെക്കുറിച്ച് പറയുന്നിടത്ത് മക്കയില്‍ എഴുതപ്പെട്ടതിനെ മക്കീ എന്നും മദീനയില്‍ എഴുതപ്പെട്ട ഖുര്‍ആനെ മദനീ എന്നും പറയുന്നുവെന്ന പരാമര്‍ശം വസ്തുതാപരമായി തെറ്റാണ്. പക്ഷെ അത് അവതരിച്ചതാണ് എന്ന് പറയുന്ന പക്ഷം ഖുര്‍ആന്‍ ദൈവികമാണ് എന്ന് അംഗീകരിക്കേണ്ടി വരും. മുസ്ലിമല്ലാത്ത ഒരു വ്യക്തിയുടെ ആഴത്തിലുള്ള ഇസ്ലാം പഠനത്തിന്റെ പ്രകടനം എന്ന നിലക്കാണ് ഈ പ്രസംഗത്തെ ഇസ്ലാം അനുയായികള്‍ കാണുന്നത്. പ്രസ്തുത പ്രസംഗം കേള്‍ക്കാത്ത എന്റെ ബ്ലോഗ് വായനക്കാര്‍ക്കായി അത് ഇവിടെ പങ്കുവെക്കുന്നു.



Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review