2011, ജൂൺ 13, തിങ്കളാഴ്‌ച

ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ ?

'രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം? കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍ കൂറുകാട്ടും ദൈവമെന്തു ദൈവം? പാല്‍‌പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുടന്‍ പാസ്പോര്‍ട്ടെഴുതുവോനെന്തു ദൈവം? കഷ്ടം! മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍' 


ചങ്ങമ്പുഴയുടേതായി ഉദ്ധരിക്കപ്പെടുന്ന ഈ ചോദ്യങ്ങള്‍ ചിന്താര്‍ഹമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ഥ മതം പരിചയപ്പെടുത്തുന്ന ദൈവ വീക്ഷണം നെട്ടെല്ലൊടിഞ്ഞ നപുംസകങ്ങളുടേതാണോ എന്ന ചോദ്യം നേരിടാന്‍ മതത്തെ പ്രതിനിധീകരിക്കുന്നവര്‍ ബാധ്യസ്ഥരമാണ്.

എന്നാല്‍ ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവത്തിന് നെട്ടെല്ലുള്ളതായി പോയതാണ് യുക്തിവാദി ഇ.എ.ജബ്ബാറിന്റെ പ്രധാന പരാതി.


ശാസ്ത്രം പറയുന്നതു “വിശ്വസിച്ചില്ലെങ്കില്‍” അടുപ്പിലിട്ടു കരിക്കും എന്ന് ആരും ഭീഷണി മുഴക്കുന്നില്ല. നിങ്ങള്‍ ആരും വിശ്വസിച്ചില്ലെങ്കിലും ശാസ്ത്രത്തിനോ ശാസ്ത്രകാരന്മാര്‍ക്കോ ഒരു വിദ്വേഷവും ഉണ്ടാകുന്നില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ ശാസ്ത്രനേട്ടങ്ങളെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാം എന്നേയുള്ളു. വിശ്വാസം അതല്ലല്ലോ. വിശ്വസിച്ചില്ലെങ്കില്‍ തീയില്‍ കരിക്കും ചുട്ടു പൊള്ളിക്കും ഉരുട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നു. സത്യമാണെങ്കില്‍ അതു വിശ്വസിക്കാന്‍ ഭീഷണി വേണ്ടി വരില്ല. കാര്യം ബോധ്യപ്പെടുത്തിയാല്‍ മതി. അതിനുള്ള ശേഷി വിശ്വാസത്തിനില്ല എന്നതു തന്നെയാണു ഭീഷണിക്കു നിദാനം. കാണാ മറയത്ത് ഒളിച്ചിരുന്ന് ഭീഷണി മുഴക്കുന്ന ഒരു ദൈവം, തന്നില്‍ വിശ്വസിക്കുന്നതു വലിയ പുണ്യമാണെന്നു പറയുന്നതിന്റെ പൊരുളെന്ത്? മനുഷ്യര്‍ തന്നെ വിശ്വസിക്കാത്തതിന് ദൈവം എന്തിനാ ഇത്ര ശുണ്ടി കാണിക്കുന്നത്? മനുഷ്യരെല്ലാം തന്റെ ഉണ്‍മ്മ വിശ്വസിക്കണമെന്ന് അങ്ങോര്‍ക്കു നിര്‍ബന്ധമുണ്ടെങ്കില്‍ ഈ ഭീഷണിയും പ്രലോഭനവുമായി ഒളിച്ചിരിക്കുന്നതിനു പകരം മനുഷ്യരെ അതങ്ങു ബോധ്യപെടുത്തിയാല്‍പൊരെ ? ദൈവം ഉണ്ടോ ഇല്ലേ എന്നതിനെക്കാള്‍ ദൈവം ആര്‍ ഏത് എങ്ങനെ എന്നീ കാര്യങ്ങലിലാണു മനുഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പവും തമ്മില്‍ തല്ലും നടക്കുന്നത്. അതിനു പരിഹാരമായെങ്കിലും ഇങ്ങെര്‍ ഒളിവുജീവിതം മതിയാക്കി മനുഷ്യരോടു സംവദിക്കാന്‍ വരേണ്ടതല്ലെ? ജീവിച്ചിരിപ്പുണ്ടെങ്കില്‍. അതൊ ഈ ക്രൂര നാടകമെല്ലാം ഒളിഞ്ഞിരുന്നാസ്വദിക്കുന്ന ഒരു മനോരോഗിയാണോ അദ്ദേഹം ?


ദൈവം അദ്ദേഹത്തിന് മുമ്പില്‍ അവതരിക്കാത്തതില്‍ മാത്രമാണ് അദ്ദേഹത്തിന് പരിവേദനമുള്ളത്. അദ്ദേഹം പറയുന്നത് കാണുക.


Ea Jabbar : ബോധ്യപ്പെടാത്ത കാര്യം ഒരാള്‍ കരുതിക്കൂട്ടി അങ്ങു “വിശ്വസിക്കുന്നത്” എങ്ങനെ എന്ന് എനിക്കു പിടി കിട്ടുന്നില്ല. ലതീഫിനോട് ഇതു പല തവണ ചോദിച്ചതാണ്. അദ്ദേഹം മറുപയ്ടിയായി പിന്നെയും അല്ലാഹുവിന്റെ ഭീഷണികള്‍ ഉദ്ധരിച്ചു കേള്‍പ്പിക്കുകയാണു ചെയ്യുന്നത്. ബോധ്യപ്പെടാത്തതു വിശ്വസിക്കാന്‍ കഴിയാത്തതെങ്ങനെ ശിക്ഷയര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാകും ? മനസ്സിലാകുന്നില്ല. !

(പ്രവാചകാ) നിന്റെ അത്യുന്നതനായ വിധാതാവിന്റെ നാമം പ്രകീര്‍ത്തിക്കുക - സൃഷ്ടിക്കുകയും സന്തുലിതത്വം സ്ഥാപിക്കുകയും ചെയ്തവന്റെ. വിധി നിര്‍ണയിക്കുകയും വഴികാട്ടുകയും ചെയ്തവന്റെ. സസ്യങ്ങള്‍ മുളപ്പിക്കുകയും പിന്നീടതിനെ ശുഷ്കിച്ച ചപ്പുചവറാക്കിമാറ്റുകയും ചെയ്തവന്റെ.  (87:1-5)



ഇബ്‌റാഹിം നബി തന്റെ നാഥനായ ദൈവത്തെ ഇങ്ങനെ സ്വസമുദായത്തിന് പരിചയപ്പെടുത്തി.


['അവനാകുന്നു എന്നെ സൃഷ്ടിച്ചവന്‍. പിന്നെ അവന്‍തന്നെ എനിക്കു മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാകുമ്പോള്‍ ശമനമരുളുന്നതും അവന്‍ തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നത് അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ ഞാന്‍ പ്രതീക്ഷ പുലര്‍ത്തുന്നത് അവനിലാകുന്നു.' (26:78-82)]


ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം സ്രഷ്ടാവാണ്, സംരക്ഷകനാണ്, പോറ്റിവളര്‍ത്തുന്നവനാണ്, ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്. മനുഷ്യരെ സൃഷ്ടിക്കുക മാത്രമല്ല. അവന് വേണ്ട മാര്‍ഗ ദര്‍ശനം നല്‍കിയവനും കൂടിയാണ്. ഇത സൃഷ്ടികളെ നിലനിര്‍ത്തുന്ന നിയമവ്യവസ്ഥയും അവന്റേതാണ്. പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യനെ അനുസരിച്ചതിന്റെ പേരില്‍ പ്രതിഫലാര്‍ഹനാക്കുകയും ധിക്കരിച്ചതിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യുന്നവനാണ്. ഈ ദൈവത്തെ നെട്ടെല്ലില്ലാത്ത നപുംസകം എന്ന് പറയാമോ.


അനുബന്ധമായി പറയട്ടേ. ഒരോ മതവിഭാഗത്തിനും ഓരോ ദൈവമില്ല. ഈ പ്രപഞ്ചത്തിനും ഭുമിയിലെ സകല ജനവിഭാഗത്തിനും ഒരേ ഒരു ദൈവമേ ഉള്ളൂ. അതിനെ പല വിശ്വാസികള്‍ പലതായി പരിചയപ്പെടുത്തുന്നുവെന്ന് മാത്രം. അതോടൊപ്പം ദൈവത്തിനും മനുഷ്യനും ഇടയില്‍ അവതരിച്ച പുരോഹിത വര്‍ഗത്തിന്റെ സ്വാര്‍ഥ താല്‍പര്യങ്ങളാല്‍ ദൈവം നപുംസകമായി മനസ്സിലാക്കപ്പെടുന്നവെങ്കില്‍ കുറ്റം ദൈവത്തിന്റെതോ അവനില്‍ യഥാവിധി വിശ്വസിക്കുന്നവരുടേതോ അല്ല.


ഇബ്‌റാഹിം നബിയുടെ പിതാവ് ആസര്‍ ബിംബാരാധകന്‍ മാത്രമായിരുന്നില്ല ബിംബത്തെ നിര്‍മിച്ചു നല്‍കുന്നവന്‍ കൂടിയായിരുന്നു. പിതാവിനോടും സ്വന്തം സഹോദരങ്ങളോടുമാണ് ഇബാറാഹിം നബി മേല്‍ വചനങ്ങള്‍ പറയുന്നത്. ഇതൊക്കെ ഓരോരോ ദൈവങ്ങളും ഈ ദൈവവാദികളുടെ വാദം മാത്രം കണക്കിലെടുത്ത് ദൈവങ്ങള്‍ നപുംസകങ്ങളാണെന്ന് പറഞ്ഞ് ദൈവനിഷേധിയാകുന്നതും കുളത്തോട് ദേശ്യപ്പെട്ട് കുളിക്കാതിരിക്കുന്നതിന് തുല്യമാണ്.



2011, ജൂൺ 7, ചൊവ്വാഴ്ച

എന്‍.എം ഹുസൈനും ദൈവനിഷേധികളും.

സൃഷ്ടിച്ച ഒരു ദൈവമുണ്ടോ?, പ്രപഞ്ചം സൃഷ്ടിക്കപ്പട്ടതോ?, സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ അത് ദൈവമോ?. ഇങ്ങനെയുള്ള ചര്‍ച കുറച്ചൊന്നുമല്ല ബ്ലോഗില്‍ നടന്നത്. ഒരു പക്ഷെ ബൂലോകത്ത് തന്നെ ഏറ്റവും കമന്റ് ലഭിച്ച ചര്‍ച ഇതായിരിക്കാം. എന്നാലും ഇക്കാര്യത്തില്‍ അതില്‍ വാദമുന്നയിച്ചവര്‍ അല്‍പം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാനുള്ള സാധ്യതപോലും കാണുന്നുമില്ല. ദൈവമുണ്ടോ എന്ന ചര്‍ചയെക്കാള്‍ ഇസ്ലാം പ്രാധാന്യം നല്‍കിയിരിക്കുന്നത്. അംഗീകരിക്കപ്പെട്ട സൃഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് യഥാര്‍ഥത്തോട് യോജിക്കുന്നതാക്കുക എന്നതിനാണ്.

മുകളില്‍ ഇസ്ലാം എന്നതുകൊണ്ട് ഉദ്ദേശിച്ചത് മുഹമ്മദ് നബിക്കും മുമ്പ് ആഗതരായ മുഴുവന്‍ പ്രവാചകന്‍മാരുടെയും ദര്‍ശനമാണ്. വിശുദ്ധഖുര്‍ആനില്‍ അവരുടെ പ്രബോധനം കാണാന്‍ കഴിയും. അവരിലാരും ദൈവനിഷേധികളുമായിട്ടല്ല സംവദിക്കേണ്ടി വന്നത്. കാരണം ദൈവമുണ്ടെന്ന ബോധത്തോടുകൂടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ബൂലോകത്തുള്ള 'അതിശക്തരായ' യുക്തിവാദികള്‍ പോലും ദൈവത്തെ നിഷേധിക്കുന്നുവെന്ന് പറയാതെ ഖുര്‍ആനില്‍ പറയപ്പെട്ട ദൈവം ഉണ്ടാകാവതല്ല എന്ന വാശിയില്‍ കാര്യങ്ങളെ അവതരിപ്പിക്കുന്നത്.

ദൈവം ഉണ്ടോ ഇല്ലേ എന്ന ചര്‍ച ഒരു തരം കുതര്‍ക്കനിലപാടിലേക്ക് വരുന്നത് മനസാക്ഷിക്ക് വിരുദ്ധമായി ബോധപൂര്‍വം ഒരു വിഭാഗം ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ നിഷേധിക്കാന്‍ തീരുമാനിച്ചതില്‍നിന്നാണ്. ദൈവനിഷേധത്തില്‍ അഹങ്കാരത്തിനുള്ള പങ്ക് ഈ ബ്ലോഗില്‍ ചര്‍ച ചെയ്തതാണല്ലോ?. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ രാവും പകലും അധ്വാനിക്കുന്നതിന്റെ മനശാസ്ത്രുവും അതാണ്. ഇല്ലാത്ത കാര്യം ഇല്ലെന്ന് പറയാന്‍ ഇത്രമാത്രം പ്രയാസപ്പടണോ?. ഉണ്ടെന്ന് പറയുന്നവരുടെ ചൂഷണത്തില്‍നിന്ന് സമൂഹത്തെ മുക്തമാക്കലാണ് ഉദ്ദേശ്യമെങ്കില്‍ കുറെകൂടെ സഹിഷ്ണുതാപരമായ മാര്‍ഗം സ്വീകരിക്കാമല്ലോ?. പക്ഷെ ക്രൂരമായ പരിഹാസവും അട്ടഹാസവും നടത്തി സ്വയം പരിഹാസ്യരാകുമാറ് അസഹിഷ്ണുത കാണിക്കേണ്ട കാര്യം എന്താണ്. അപ്പോള്‍ ദൈവം നിഷേധം എന്നത് ബോധപൂര്‍വം തെരഞ്ഞെടുത്തതാണ്. ഏതെങ്കിലും തരത്തിലുള്ള അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരു ബോധ്യമല്ല ദൈവമില്ല എന്നുള്ള വിശ്വാസം. ഖുര്‍ആന്‍ അത്തരക്കാരെ പാടെ അവഗണിച്ചതായി നമുക്ക് കാണാം.

ദൈവമുണ്ടെന്ന് ഒരു മനുഷ്യന്‍ കേവലം അംഗീകരിക്കുന്നതോടുകൂടി ദൈവിക ദര്‍ശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തുന്നത് എന്ന കാര്യം ശരിയാണ് എങ്കിലും ദൈവിക ദര്‍ശനത്തിന്റെ പ്രബോധകര്‍ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷം മഹാഭുരിപക്ഷം വരുന്ന ദൈവവിശ്വാസികളും എന്നാല്‍ വികലമായ രൂപത്തില്‍ അവ ഉള്‍കൊണ്ടതിനാല്‍ ചൂഷണത്തിലും നിന്ദ്യതയിലും അകപ്പെടുന്ന മനുഷ്യകുലത്തിന് യഥാര്‍ഥ ദൈവിക വീക്ഷണം അവതരിപ്പിക്കാനുള്ള സാധ്യതയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്. ദൈവമുണ്ടെന്ന് അംഗീകരിക്കുന്നതോടു കൂടി അരംഭിക്കുന്നതാണ് ദൈവിക ദര്‍ശനത്തിന്റെ പ്രബോധനം എന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെടരുതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം. എന്‍.എം. ഹുസൈന്‍ സാഹിബിന്റെ ബൂലോകത്തെ ഇടപെടല്‍ വാക്കുകളില്‍ അവ്യക്തത സൃഷ്ടിച്ചും ചില പാശ്ചാത്യ നിഷേധികളുടെ ഉദ്ധരണികളിലൂടെയും ശാസ്ത്രത്തിന്റെ അപ്രമാദിത്തം കാണിച്ചും ചില സന്ദേഹവാദികളെ തങ്ങളുടെ പോസ്റ്റിനുകൂലമായി 'നന്നായി...' 'ഉശാറായി...' എന്ന് കമന്റിക്കാന്‍ ലഭിച്ചിരുന്ന നിഷേധികളുടെ പൊള്ളത്തരം തുറന്ന് കാട്ടാന്‍ പര്യാപ്തമായിട്ടുണ്ട്.

'ദൈവത്തില്‍ വിശ്വസിക്കണം' എന്ന് പ്രബോധനം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം 'എന്തിന് ഒരു ദൈവത്തില്‍ വിശ്വസിക്കണം ?' എന്ന ചര്‍ചക്ക് ലഭിക്കേണ്ടതുണ്ട്. ദൈവം ഉണ്ടെന്ന് അംഗീകരിക്കുന്നതിലല്ല ഒരു മനുഷ്യന്റെ വിജയം. ദൈവം നല്‍കിയ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതികവും ആത്മീയവുമായ സംതൃപ്തിയാണ് ലഭിക്കലാണ് യഥാര്‍ഥ ഭൌതിക വിജയം. അതിലൂടെ വ്യാജദൈവാരാധകരുടെ ചൂഷണത്തില്‍നിന്ന് മുക്തിയും ലഭിക്കുന്നു. വ്യാജ ദൈവം എന്ന ഒന്നില്ല. മറിച്ച് ഉള്ളത് തെറ്റായ ദൈവിക കാഴ്ചപ്പാടുകളാണ്. എന്നാല് ഇതത്രേ സത്യം...

'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍ -നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.'(2:255)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review